ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പല്ലം രാജുവും രാജിവച്ചു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടൂറിസം മന്ത്രി ചിര‌ഞ്ജീവി ഇന്നലെ രാജിവച്ചിരുന്നു. തീരദേശമായ സീമാന്ധ്രയില്‍ നിന്നുള്ള എം പിയായിരുന്നു ചിരഞ്ജീവി

കൊട്‌ല സൂര്യപ്രകാശ് റെഡ്ഡി, ടെക്‌സ്‌റ്റൈല്‍മന്ത്രി കെ എസ് റാവു, പന്നബ ലക്ഷ്മി , കെ കൃപാറാണി എന്നിവരും രാജിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.തെലങ്കാനാ സംസ്ഥാന രൂപവത്കരണത്തിനെതിരെ സീമാന്ധ്രയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. റായല്‍സീമയിലെയും തീരദേശ ആന്ധ്രയിലെയും പതിമൂന്ന് ജില്ലകളില്‍ മൂന്ന് ദിവസത്തെ ബന്ദാചരിക്കുകയാണ്. സീമാന്ധ്ര ഭാഗത്തു നിന്നുള്ള കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ രാജിവെയ്ക്കുമെന്നും സൂചനയുണ്ട്. ഈ മേഖലയില്‍ നിന്ന് ആറു മന്ത്രിമാരാണു കേന്ദ്രത്തിലുള്ളത്.