ന്യൂഡല്‍ഹി:തെലങ്കാന സംസ്ഥാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. മന്ത്രിസഭാതീരുമാനം വന്നതോടെ സീമാന്ധ്ര മേഖലയിലെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ടി നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസംമന്ത്രി ചിരഞ്ജീവി രാജിവച്ചു. രാജിസന്ദേശം പ്രധാനമന്ത്രിക്ക് ഫാക്സ് മുഖേന നല്‍കി. മാനവവിഭവശേഷി വികസനമന്ത്രി പള്ളം രാജുവും ടെക്സ്റ്റയില്‍സ് മന്ത്രി കെ എസ് റാവുവും രാജി ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ രാജിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബന്ദില്‍ സീമാന്ധ്ര മേഖല നിശ്ചലമായി. കടകളും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. സീമാന്ധ്രയിലെ 13 ജില്ലകളില്‍ 48 മണിക്കൂര്‍ ബന്ദിന് ഗവണ്‍മെന്റ് ഉദ്യോസ്ഥരും സീമാന്ധ്ര ലോയര്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയും ആഹ്വാനം ചെയ്തിട്ടുണ്ട്. നിരവധി തെലങ്കാന വിരുദ്ധ ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിരവധി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയിയ്ക്ക് സമീപം വരെ പ്രതിഷേധവുമായെത്തി.അതേസമയം തെലങ്കാന മേഖലയിലെങ്ങും ആഹ്ലാദ പ്രകടനങ്ങളാണ്.

ഹൈദരാബാദ് 10 വര്‍ഷത്തേക്ക് രണ്ട് സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായി തുടരുമെന്ന് കേന്ദ്രമന്ത്രിസഭ പറഞ്ഞു. പുതിയ സംസ്ഥാനരൂപീകരണത്തിന് ആവശ്യമായ സാമ്പത്തികകാര്യങ്ങളും മറ്റും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിക്കും രൂപം നല്‍കി.സംഘര്‍ഷസ്ഥിതി കണക്കിലെടുത്ത് അതീവജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യസഭാംഗവും ചലച്ചിത്രനടനുമായ ചിരഞ്ജീവി കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിയായി ചുമതലയേറ്റത്. നേരത്തെ തിരുപ്പതിയില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു. അദ്ദേഹത്തിന്റെ പ്രജാരാജ്യം പാര്‍ടി കോണ്‍ഗ്രസില്‍ ലയിച്ചതോടെയാണ് മന്ത്രിസഭാപ്രവേശത്തിന് കളമൊരുങ്ങിയത്.

തെലങ്കാന രൂപീകരണത്തിനുള്ള മന്ത്രിസഭാ കുറിപ്പ് ബുധനാഴ്ച രാത്രിയാണ് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയത്. ആന്ധ്രയിലെ 23 ജില്ലകളില്‍ 10 ജില്ലകളാകും തെലങ്കാനയില്‍ വരിക. തെലങ്കാനയില്‍ 17 ഉം സീമാന്ധ്രയില്‍ 25 ഉം ലോക്സഭാ സീറ്റുകളുണ്ടാകും. ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം അതിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ആഭ്യന്തരമന്ത്രാലയം സംസ്ഥാനരൂപീകരണ ബില്ലിന് രൂപം നല്‍കുക. ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചശേഷം സംസ്ഥാന നിയമസഭയുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് വിടും. നിയമസഭയ്ക്ക് ബില്‍ ചര്‍ച്ച ചെയ്യുകയും സംസ്ഥാനരൂപീകരണ പ്രമേയം വോട്ടിനിടുകയും ചെയ്യാം. പ്രമേയത്തിന് നിയമസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും നടപടികളുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം. ബില്‍ പിന്നീട് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. പാര്‍ലമെന്റിന്റെ അംഗീകാരംകൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ തെലങ്കാന നിലവില്‍ വരും.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്തു.രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന രൂപീകരണം പൂര്‍ത്തിയാക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. തെലങ്കാന യാഥാര്‍ത്ഥ്യമാകുന്നതേടെ ബോഡോലാന്‍ഡിനും ഗൂര്‍ഖാ ലാന്‍ഡിനും വേണ്ടിയുള്ള ആവശ്യങ്ങളും ശക്തമാകും.