ജമ്മു: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈന്യം തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം കെരണ്‍ സെക്ടറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
നിയന്ത്രണ രേഖയിൽ തീവ്രവാദികളുമായി പത്തു ദിവസം നീണ്ടു നിന്ന ഏറ്റമുട്ടൽ ഉണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് എ.കെ47 തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗുജ്ജര്‍ദര്‍ , ഹിരാനഗര്‍ എന്നിവിടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരുന്നു. ഇതുവരെയായി 13 നുഴഞ്ഞുകയറ്റക്കാരെ കൊലപ്പെടുത്തിയതായി സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ ജഡങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല.