firing at line of control-terrorists killed

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പാകിസ്താനില്‍നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് തീവ്രവാദികളെ ശനിയാഴ്ച രാവിലെ സൈന്യം വധിച്ചു. 12 ദിവസമായി ജമ്മു കശ്മീരിലെ കെരണ്‍ സെക്ടറില്‍ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 30 ഓളം തീവ്രവാദികളാണ് സപ്തംബര്‍ 24 നുശേഷം സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഫത്തേ ഗലി പ്രദേശത്താണ് ശനിയാഴ്ച രാവിലെ ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. നിരവധി എ കെ 47 തോക്കുകള്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍നിന്ന് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സായുധ തീവ്രവാദികളുടെ വന്‍ സംഘം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സപ്തംബര്‍ 24 ന് സൈന്യം പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യാ – പാക് പ്രധാനമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നുഴഞ്ഞുകയറ്റം മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷവും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ അവസാനിച്ചില്ല. പ്രശ്‌നത്തിന് പരിഹാരംകാണാന്‍ ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.