My Kerala News

തിരുവനന്തപുരം: വിപണിയില്‍ കിട്ടുന്ന ചീര, പുതിന, കറിവേപ്പില തുടങ്ങി 14 ഇനം പച്ചക്കറികളില്‍ അപകടകരമാംവിധം വിഷാംശമുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാല. കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് വിപണികളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മാരക കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയത്.

പൊതുവെ കിഴങ്ങുവര്‍ഗങ്ങള്‍ വിഷരഹിത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വെള്ള കാബേജും ചൈനീസ് കാബേജും വിഷരഹിതമാണെന്ന് കണ്ടെങ്കിലും കോളിഫ്ലവറിന് വിഷമുക്തമാവാനായില്ല.

മീതെയില്‍ പാരത്തിയോണ്‍, പ്രൊഫിനോഫോസ്, ക്‌ളോര്‍പൈറിഫോസ്, എത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് മിക്ക പച്ചക്കറികളിലും കണ്ടത്.

ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയാണ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന നടത്തിയത്. 60 ഇനം പച്ചക്കറികളുടെ 200-ഓളം സാമ്പിളുകളാണ് വെള്ളായണി കാര്‍ഷിക കോളേജ് ലാബില്‍ പരിശോധിച്ചത്.

ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തെ റിപ്പോര്‍ട്ട് സര്‍വകലാശാല നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയ പല പച്ചക്കറികളിലും കീടനാശിനി അവശിഷ്ടത്തിന്റെ തോത് കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.

ചുവപ്പ് ചീര, പുതിനയില, കാരറ്റ്, പച്ചമുളക്, കറിവേപ്പില, വഴുതന, മല്ലിയില, പച്ചചീര, സലറി, കാപ്‌സിക്കം (പച്ച), റാഡിഷ് (വെള്ള), വെള്ളരി, വെണ്ടക്ക, മുരിങ്ങക്ക എന്നിവയിലാണ് അപകടകരമാംവിധം വിഷാംശം കണ്ടെത്തിയത്.

അതേസമയം പടവലം, മരച്ചീനി, കോവയ്ക്ക, ചേന, സലാഡ് വെള്ളരി, ചേമ്പ് നെല്ലിക്ക, ചൗചൗ, കാബേജ് (വെള്ള), പച്ചമാങ്ങ, കത്തിരി, കൈതച്ചക്ക, പാവയ്ക്ക, തണ്ണിമത്തന്‍, പീച്ചങ്ങ, റാഡിഷ് (ചുവപ്പ്), ചൊരക്ക, ബ്രോക്കോളി, ബീന്‍സ്, ഉരുളക്കിഴങ്ങ്, അമരക്ക, ചൈനീസ് കാബേജ്, ബീറ്റ്‌റൂട്ട്, ടര്‍ണിഷ്, കുമ്പളം, ലറ്റിയൂസ്, മത്തന്‍, ലീക്ക്, വെളുത്തുള്ളി, ഉള്ളിപൂവ്, ചുവന്നുള്ളി, സുക്കിനി, സവാള, പാര്‍സ് ലി, സാമ്പാര്‍ മുളക്, കറിക്കായ്, ഏത്തക്ക, മധുരക്കിഴങ്ങ് എന്നീ 38 ഇനം പച്ചക്കറികള്‍ വിഷരഹിതമെന്നാണ് പരിശോധനാഫലം.

തക്കാളി, കാപ്‌സിക്കം (മഞ്ഞ, ചുവപ്പ്) ഇഞ്ചി, കാബേജ് (വയലറ്റ്), കോളിഫ്ലവര്‍, പയര്‍ എന്നിവയെ വിഷാംശം കുറഞ്ഞത് എന്ന പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്.

ചീരയിലയില്‍ മീതെയില്‍ പാരത്തിയോണ്‍, ക്ലോര്‍പൈറിഫോസ്, സൈപ്പര്‍ മെത്രിന്‍ തുടങ്ങിയ കീടനാശിനി അവശിഷ്ടമാണ് കണ്ടത്. പുതിനയിലയിലും പച്ച മുളകിലും വെള്ളരിയിലും എത്തിയോണടക്കമുള്ള വിഷപദാര്‍ഥങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വിഷാംശം കണ്ട കറിവേപ്പിലയില്‍ എത്തിയോണിനെക്കൂടാതെ ക്ലോര്‍പൈരിഫോസ്, ബൈഫെന്ത്രിന്‍, പ്രോഫിനോഫോസ്, സൈപ്പര്‍മെത്രീന്‍ എന്നിവയുടെ അംശവും കണ്ടെത്തി.