ന്യൂഡല്‍ഹി: തീവണ്ടി യാത്രയ്ക്ക് തിങ്കളാഴ്ച മുതല്‍ ചെലവേറും. ഇന്ധനവില കൂടിയതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാനിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെയാണിത്. എ.സി. സ്ലീപ്പര്‍ നിരക്കുകള്‍ രണ്ടുശതമാനവും ചരക്കുകൂലി 1.7 ശതമാനവും കൂട്ടാന്‍ കഴിഞ്ഞയാഴ്ചയാണ് മന്ത്രാലയം തീരുമാനിച്ചത്. ചരക്കുകൂലി വര്‍ധന വ്യാഴാഴ്ച നിലവില്‍ വരും. സബര്‍ബന്‍ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.

ഈവര്‍ഷം രണ്ടാംതവണയാണ് റെയില്‍വേ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത്. ജനവരിയില്‍ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചിരുന്നു. യാത്രാനിരക്ക് വര്‍ധനയിലൂടെ നടപ്പുസാമ്പത്തികവര്‍ഷത്തിലെ അവശേഷിക്കുന്ന ആറുമാസം 450 കോടിരൂപയും ചരക്കുകൂലി വര്‍ധനയിലൂടെ 700 കോടി രൂപയും നേടാനാകുമെന്നാണ് പ്രതീക്ഷ.

തുരന്തോ എക്‌സ്പ്രസ്സ് ട്രെയിനുകളിലെ എ.സി. ക്ലാസ് നിരക്കുകള്‍ രാജധാനി-ശതാബ്ദി എക്‌സ്പ്രസ്സുകളിലേതിന് സമാനമായി പുതുക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. എന്നാല്‍ സ്ലീപ്പര്‍, നോണ്‍ എ.സി. ചെയര്‍കാര്‍ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. തുരന്തോ എക്‌സ്പ്രസ്സിലെ നിരക്കുവര്‍ധന വ്യാഴാഴ്ച നിലവില്‍ വന്നേക്കും.