തിരുവനന്തപുരം: കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തിലെ കുറവ് പരിഹരിക്കുന്നതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരാന്‍ സാധ്യത. താല്‍ച്ചറിലും രാമഗുണ്ടത്തും നെയ് വേലിയിലും യന്ത്രത്തകരാറും കല്‍ക്കരി പ്രശ്നവും നിലവിലുണ്ട്. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ നാനൂറ് മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള വൈകീട്ട് ആറിനും രാത്രി പതിനൊന്നിനും ഇടയ്ക്ക് വൈദ്യുതി കമ്മിയാണെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം വടക്കന്‍ കേരളത്തില്‍ വൈദ്യുതി എത്തിക്കേണ്ട കടകൊല്ല-കണിയാമ്പറ്റ ലൈന്‍ തകരാറിലുമായി.അണക്കെട്ടുകള്‍ നിറഞ്ഞിട്ടും ജലവൈദ്യുതി പദ്ധതികളില്‍ റെക്കോഡ് ഉല്‍പാദനം നടത്തിയിട്ടും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുന്നത് ആസൂത്രണ പിഴവാണെന്ന് പറയപ്പെടുന്നു.

ജല വൈദ്യുതി പദ്ധതികളില്‍ പൂര്‍ണ തോതില്‍ ഉല്‍പാദനം നടന്നുവരുന്നുണ്ട്. മൂലമറ്റത്തും മൂഴിയാറിലും എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നു. പകല്‍ വൈദ്യുതി ആവശ്യത്തിന് ഇതു മതി. മിച്ചമുളളത് തമിഴ്നാട്ടിനും എക്സേഞ്ചിലും വില്‍ക്കുന്നുണ്ട്. എന്നാല്‍ രാത്രിയില്‍ കമ്മി നികത്താന്‍ ജലവൈദ്യുതി പോരാ. കായംകുളത്ത് നിന്ന് ഒരു യൂണിറ്റ് വൈദ്യുതി പോലും ഇപ്പോള്‍ വാങ്ങുന്നില്ല. താല്‍ക്കാലിക പ്രതിസന്ധി പരിഹരിക്കാന്‍ മാത്രമായി ഉല്‍പാദനമെന്ന സാങ്കേതിക തടസം അവിടെയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഒപ്പം ഉയര്‍ന്ന വിലയും പ്രശ്നമാണ്. നല്ല മഴ കിട്ടിയെങ്കിലും വേനല്‍കാലമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ നല്‍കുന്നത്.