കെയ്‌റോ: ഈജിപ്തില്‍ മുര്‍സി അനുകൂലികളും പോലീസും തമ്മിലുണ്ടായ ആക്രമണത്തില്‍ 51 പേര്‍ മരിച്ചു. 270 പേര്‍ക്ക് പരിക്കേറ്റു. അറബ്ഇസ്രയേല്‍ യുദ്ധത്തിന്റെ നാല്‍പതാം വാര്‍ഷികദിനാഘോഷങ്ങള്‍ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്.രാജ്യത്തെ നിരവധി നഗരങ്ങളില്‍ മുര്‍സി അനുകൂലികള്‍ മാര്‍ച്ച് നടത്തി. പ്രതിഷേധം നേരിടുന്നതിനായി സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. മുര്‍സി അനുകൂലികള്‍ പോലീസിനു നേരെ കല്ലേറ് നടത്തി. പോലീസും മുര്‍സി അനുകൂലികളും തമ്മിലുള്ള തെരുവുയുദ്ധം മണിക്കൂറുകളോളം നീണ്ടു. ഭരണകൂടത്തിനെതിരെ പ്രകടനം നടത്തി എന്ന പേരില്‍ ഇരുന്നൂറിലധികം മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികളെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോവാതെ അക്രമം അഴിച്ചു വിടാന്‍ ശ്രമിച്ചതോടെയാണ് രക്തചൊരിച്ചിലുണ്ടായത്.

വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് കെയ്‌റോയിലെ തെഹ്‌രീര്‍ സ്‌ക്വയറിയല്‍ ഒത്തുകൂടിയത്.സൈനിക നേതാവ് ജെന്‍ അബ്ദേല്‍ ഫത്താ അല്‍ സീസി അടുത്ത പ്രസിഡന്റായി ആഗ്രഹിക്കുന്ന ചിലര്‍ ജെന്‍ സീസിയുടെ ചിത്രങ്ങളോടു കൂടിയാണ് എത്തിയത്. അതേസമയം ജെന്‍ സീസി കൊലപാതകിയെന്ന് വിളിച്ച് മുര്‍സി അനുകൂലികളും തെരുവിലിറങ്ങി.ഒക്ടോബര്‍ ആറ് ദിനാചരണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.മുര്‍സിയെ ജൂലൈ 13ന് സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ ശേഷം നൂറുകണക്കിന് മുസ്ലീം പ്രക്ഷോഭകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.