ദോഹ: സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റായ ഫേസ്ബുക്ക് ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും വിവാഹമോചനങ്ങള്‍ക്ക് ഇടയാക്കുന്നതായും ദോഹയിലെ പ്രാദേശിക പത്രമായ “അല്‍ റായ”അറബി റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുകിന് അടിമകളായ ആളുകളില്‍ പലരും സാങ്കല്‍പിക ലോകത്താണ് ജീവിക്കുന്നതെന്നും ചിലര്‍ പങ്കാളികളെ വഞ്ചിക്കാന്‍ പോലും ഇത് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കോടതികളില്‍ എത്തുന്ന വിവാഹമോചന കേസുകള്‍ക്ക് പ്രധാന കാരണം ഫേസ്ബുക് ആയി മാറിയതായി ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഫേസ്ബുക് അടിമകളില്‍ മാനസിക രോഗങ്ങള്‍, ദാമ്പത്യത്തില്‍ താല്‍പര്യമില്ലായ്മ, പങ്കാളികളുമായി സംസാരിക്കാനും സംവദിക്കാനുമുള്ള താല്‍പര്യക്കുറവ്, കുടുംബവഴക്ക്, വീട്ടുകാര്യങ്ങളിലെ ശ്രദ്ധക്കുറവ്, എല്ലാറ്റിനുമൊടുവില്‍ വിവാഹമോചനം ആവശ്യപ്പെടല്‍ എന്നിവ സര്‍വ സാധാരണമായി കണ്ടുവരുന്നതായും ഇവര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് അധികകാലം കഴിഞ്ഞുകൂടാത്ത ദമ്പതിമാരാണ് കോടതികളില്‍ വിവാഹ മോചനം ആവശ്യപ്പെട്ട് കേസുകള്‍ കൊടുത്തവരില്‍ ഭൂരിഭാഗവുമെന്നും ഇതില്‍ മുഖ്യപ്രശ്നം ഫേസ്ബുക് ആയിരുന്നുവെന്നും അഭിഭാഷകരും പറയുന്നു.‌

വാട്ട്സ്അപ് പോലുള്ള മോബൈല്‍ മെസഞ്ചര്‍ സംവിധാങ്ങളും കുടുംബപ്രശ്നം ഉണ്ടാക്കുന്നതില്‍ വലിയ അളവില്‍ തന്നെ പങ്കുവഹിക്കുന്നുണ്ട്. ധാരാളം സമയം കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ചാറ്റില്‍ മുഴുകുന്ന ഭര്‍ത്താവിനെ ഭാര്യക്കും ഭാര്യയെ ഭര്‍ത്താവിനും സംശയമുണ്ടാക്കുന്നുവെന്നും ഒടുവില്‍ ഇത് വിവാഹ മോചനം ആവശ്യപ്പെടുന്നതില്‍ കലാശിക്കുന്നതായും പറയുന്നു. ഭര്‍ത്താക്കന്‍മാര്‍ ഏറെനേരം ഇത്തരം സൈറ്റുകള്‍ക്ക് മുമ്പില്‍ ഇരിക്കുന്നതായും വീട്ടിലെ കാര്യങ്ങളിലോ കുട്ടികളുടെ പഠനത്തിലോ ശ്രദ്ധിക്കുന്നില്ലെന്നും ധാരാളം ഭാര്യമാര്‍ പരാതിപ്പെടുന്നതായി ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ സാമൂഹികശാസ്ത്ര വിഭാഗം അധ്യാപിക ഡോ. മുനീറ അല്‍ റുമൈഹി പറയുന്നു.