സ്റ്റോക്‌ഹോം: ശരീരകോശങ്ങളിലെ വഹന പ്രക്രിയയെ കുറിച്ചുള്ള കണ്ടുപിടിത്തത്തിന് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ ജയിംസ് ഇ.റോത്‌മാൻ, റാൻഡി ഡബ്ള്യൂ ഷെക്മാൻ,​ ജർമ്മൻകാരനായ തോമസ് സി സുദോഫ് എന്നിവരാണ് പുരസ്കാരം പങ്കു വച്ചത്.

കോശങ്ങളുടെ ഗതാഗത പ്രകിയ എന്നറിയപ്പെടുന്ന വെസിക്കിൾ ട്രാഫിക്കിലൂടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളും മറ്റും അനുയോജ്യമായ സമയത്ത് അനുയോജ്യമായ ശരീര ഭാഗങ്ങളിൽ എത്തിപ്പെടുന്നത് എങ്ങനെയെന്നാണ് മൂവരും ചേർന്ന് കണ്ടെത്തിയത്. ഈ വഹനപ്രക്രിയയിൽ ഉണ്ടാകുന്ന തടസങ്ങൾ നാഡീസംബന്ധമായ രോഗങ്ങൾ,​ പ്രമേഹം,​ രോഗപ്രതിരോധ ശേഷിയിലെ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നതായി ഇവർ കണ്ടെത്തി.
റോത്‌മാൻ യേൽ യൂണിവേഴ്സിറ്റിയിലും ഷെക്മാൻ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലുമാണ് പ്രൊഫസർമാരായി സേവനം അനുഷ്ഠിക്കുന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലാണ് സുദോഫ് ജോലി നോക്കുന്നത്. എട്ടു മില്യൺ സ്വീഡിഷ് ക്രൗൺ ആണ് അവാർഡ് തുക.ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് നോബല്‍ സമ്മാനം.