ഇസ്‌ലാമബാദ്: അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വധിക്കുമെന്ന് താലിബാന്റെ ഭീഷണി.ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത് തുടരുന്നപക്ഷം നിശ്ചയമായും അവരെ കൊല്ലുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്‌ലാമിനെ അപഹസിക്കുന്നവരെ വധിക്കുന്നത് അഭിമാനമായി കരുതുമെന്നും താലിബാന്‍ പറയുന്നു. പാക് താലിബാന്റെ ഔദ്യോഗിക വക്താവ് ഷഹീദുള്ള ഷാഹിദ് എ.ബി.സി ചാനലിനോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനല്ല മറിച്ച് ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് മലാലയെ ആക്രമിച്ചത്. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തന്നെ അവരെ ആക്രമിക്കാന്‍ മതിയായ കാരണമാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനമല്ല മലാലയുടെ ലക്ഷ്യമെന്നും താലിബാന്‍ പറയുന്നു.കഴിഞ്ഞ ഒക്‌ടോബറിലാണ് വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ വെച്ച് 14കാരിയായ മലാലയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. മിംഗോറയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ച് മലാല ഡയറി എഴുതിയിരുന്നു. ഇത് ബി.ബി.സി പ്രസിദ്ധീകരിച്ചതോടെയാണ് അവള്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയത്. തലയ്ക്കും നെഞ്ചിനും വെടിയേറ്റ മലാലയെ ബ്രിട്ടനില്‍ കൊണ്ടുവന്ന് വിദഗ്ധ ചികിത്സ നടത്തിയാണ് രക്ഷപെടുത്തിയത്. താലിബാന്‍ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണ് മലാല.

സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയിൽ വെടിയേറ്റ മലാല യൂസഫ്സായി ബ്രിട്ടനിൽ ലഭിച്ച ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത്. തുടർന്ന് ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. വെടിയേറ്റ് ഒരു വർഷം കഴിഞ്ഞ് പുറത്തിറക്കിയ ആത്മകഥയിൽ മലാല താലിബാനെ വിമർശിച്ചിരുന്നു. ഈയിടെ ബി.ബി.സിക്കു നൽകിയ അഭിമുഖത്തിലും ഈ വിമർശനം ആവ‍‌ർത്തിച്ചു. അതേസമയം താലിബാനുമായി ചർച്ചയിലൂടെ പാകിസ്ഥാനിൽ സമാധാനം പുന:സ്ഥാപിക്കാൻ മലാല അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളോട് ഐക്യരാഷ്ട്ര പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ അഭ്യർത്ഥിച്ചിരുന്നു. തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകണമെന്നും അവിടെ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്നുമുള്ള ആഗ്രഹവും മലാല പ്രകടിപ്പിച്ചിരുന്നു.