ന്യൂഡൽഹി:ചാമ്പ്യൻസ് ലീഗ് ട്വന്‍റി -20 കിരീടം മുംബൈ ഇന്ത്യൻസിന്. കപ്പിനായുള്ള അവസാന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 33 റൺസിനാണ് മുംബയ് പരാജയപ്പെടുത്തിയത്. മുംബയ് ഇന്ത്യൻസിന്‍റെ രണ്ടാം കിരീടമാണിത്. ക്രിക്കറ്റ് ഇതാഹസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ട്വന്റി20യില്‍ വിരോചിത യാത്രയയപ്പ് നല്‍കി രോഹിത് ശര്‍മ്മ വാക്ക് പാലിച്ചു. 33 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെയാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയത്. 204 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് മലയാളിതാരം സഞ്ജു വി സാംസണിന്റെയും ആജിന്‍ക്യ രഹാനെയുടെയും മികവില്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയതെങ്കിലും മദ്ധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. 18.5 ഓവറില്‍ 169 റണ്‍സിന് രാജസ്ഥാന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. പതിനേഴാമത്തെ ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഹര്‍ഭജന്‍സിംഗിന്റെ തകര്‍പ്പന്‍ പന്തേറാണ് മുംബൈയെ കിരീടത്തിലേക്ക് നയിച്ചത്. ഇതുള്‍പ്പടെ നാലു വിക്കറ്റാണ് ഭാജി സ്വന്തമാക്കിയത്. പൊള്ളാര്‍ഡ് മൂന്നു വിക്കറ്റും നേടി. 2011ലാണ് മുംബൈ ഇന്ത്യന്‍സ് ഇതിന് മുമ്പ് കിരീടം നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ഡ്വെയ്ന്‍ സ്മിത്ത്‍(44), രോഹിത് ശര്‍മ്മ‍(33), മാക്സ് വെല്‍(37), അമ്പാട്ടി റായിഡു(29) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈയുടെ സ്കോര്‍ 200 കടത്തിയത്. അവസാന ട്വന്റി20 മല്‍സരം കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നന്നായി തുടങ്ങിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ കിരീടനേട്ടത്തോടെ ട്വന്റി20 കരിയര്‍ അവസാനിപ്പിക്കാനായത് സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ എട്ടു റണ്‍സെടുത്ത കുശാല്‍ പെരേരയുടെ വിക്കറ്റ് നഷ്ടമായെങ്കിലും മലയാളി താരം സഞ്ജു വി സാംസണിന്റെ വെടിക്കെട്ടില്‍ മുംബൈ ബൗളര്‍മാര്‍ നന്നായി വിയര്‍ത്തു. 33 പന്തില്‍ നിന്ന് 60 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. മറുവശത്ത് രഹാനെയും തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് അനായാസം ജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ പന്ത്രണ്ടാമത്തെ ഓവറില്‍ സ്കോര്‍ 117ല്‍ നില്‍ക്കെ പ്രഗ്യന്‍ ഓജയുടെ പന്തില്‍ ഹര്‍ഭജന്‍ പിടിച്ച് സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ ബാറ്റിംഗ് നിര തകരാന്‍ തുടങ്ങി. 52 റണ്‍സ് കൂടി നേടുന്നതിനിടെ രാജസ്ഥാന്‍ റോയല്‍സ് എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി തോല്‍വി സമ്മതിച്ചു.സഞ്ജു, രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം കാണാനായില്ല. അവസാന മല്‍സരം കളിച്ച രാഹുല്‍ ദ്രാവിഡ് ഒരു റണ്‍സോടെ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി.