ന്യൂഡല്‍ഹി: കൂടുതല്‍ ജനങ്ങളിലേക്ക് ബാങ്കിങ് സേവനമെത്തിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് കൂടുതല്‍ ബാങ്ക് ലൈസന്‍സുകള്‍ അനുവദിക്കും. ഇതുസംബന്ധിച്ച മാര്‍ഗ്ഗരേഖ ഉടന്‍ തയ്യാറാക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രവര്‍ത്തി പറഞ്ഞു. ഇപ്പോള്‍ പ്രക്രിയയിലുള്ള അപേക്ഷകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ജനവരിയോടെ ലൈസന്‍സുകള്‍ അനുവദിക്കും. ഇതിന് പിന്നാലെ ഇടയ്ക്കിടെ അപേക്ഷകള്‍ ക്ഷണിച്ച് കൂടുതല്‍ ബാങ്ക് ലൈസന്‍സുകള്‍ നല്‍കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്.

പുതിയ ബാങ്കുകള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാര്‍ഗ്ഗരേഖയിലുണ്ടാവും. സുതാര്യതയോടെയും ഉയര്‍ന്ന നിലവാരത്തിലുമാവും പുതിയ ബാങ്ക് ലൈസന്‍സുകള്‍ അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.ചെറു ബാങ്കുകള്‍ക്കും ഹോള്‍സെയില്‍ ബാങ്കുകള്‍ക്കും പ്രത്യേകം പ്രത്യേകം ലൈസന്‍സ് നല്‍കുന്നതും ആര്‍ബിഐ പരിഗണിക്കുന്നുണ്ട്. സമ്പൂര്‍ണ അനുബന്ധ സ്ഥാപനത്തിലൂടെ വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് നടത്തുന്നതും ആര്‍ബിഐ പ്രോത്സാഹിപ്പിക്കും. കിട്ടാക്കടവും നിയന്ത്രണവിധേയമാണെന്നും ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ വ്യക്തമാക്കി