ന്യുഡല്‍ഹി:ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍ ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. ഇതോടെ ബിസിസിഐ അധ്യക്ഷനായി എന്‍.ശ്രീനിവാസന് ഉടന്‍ ചുമതലയേല്‍ക്കാനാവില്ല. വാതുവയ്പ് കേസില്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനും കോടതി നിയോഗിച്ചു. പഞ്ചാബ്, ഹരിയാന മുന്‍ ചീഫ് ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതി മെയ്യപ്പന്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. നാശേഷ്വര്‍ റാവു, അസം ക്രിക്കറ്റ് അസോസിയേഷന്‍ അംഗം നിലയ് ദത്ത എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. സമിതിയെ കുറിച്ച് നാളെ നിര്‍ദേശം സമര്‍പ്പിക്കാന്‍ കോടതി ബിസിസിഐ, ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ അഭിഭാഷകരോട് നിര്‍ദേശിച്ചു. വാതുവയ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ബിസിസിഐയുടെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് എ.കെ പട്‌നായിക്, ജസ്റ്റീസ് ജെ.എസ് കേഹര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ഒത്തുകളിയുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിന്റെ അന്വേഷണം അതുപോലെ നടക്കും. സമിതി സ്വതന്ത്രമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.