ന്യൂഡല്‍ഹി:ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാന രൂപവത്ക്കരണത്തിനെതിരെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തിങ്കളാഴ്ച്ച നിരാഹാര സമരം തുടങ്ങി. രാജ്യ തലസ്ഥാനത്ത് ആരംഭിച്ചിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ആന്ധ്രയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഡി പിന്തുണ അറിയിച്ചിട്ടുണ്ട്. ആന്ധ്രയെ കീറിമുറിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം.അതിനിടയില്‍ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലേക്ക് നീങ്ങിയതോടെ തീരദേശ ആന്ധ്രയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

പ്രമുഖ തീരദേശ പട്ടണമായ വിജയനഗരത്തില്‍ ആക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് അവസാനം ഉണ്ടാകുന്നത് വരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ പോലീസ് സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആന്ധ്രാ വിഭജനത്തിനെതിരെ കഴിഞ്ഞ രണ്ടു മാസക്കാലത്തോളമായി സമരം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം വൈദ്യുതി നിലയങ്ങളിലെ ജീവനക്കാര്‍ കൂട് പങ്കു ചേര്‍ന്നതോടെ വൈദ്യുതി ഉല്‍പ്പാദനം നിലച്ചിരിക്കുന്ന സ്ഥിതിയാണ്.വിജയവാഡയിലെ ഏഴ് വൈദ്യുതനിലങ്ങളില്‍ ആറും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തിന് ഒരു ദിവസം ആവശ്യമായ 5000 മെഗാവാട്ട് വൈദ്യുതിയില്‍ 1700 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നത് വിജയവാഡയില്‍ നിന്ന് മാത്രമാണ്. താപവൈദ്യുതി നിലയത്തിലെ ജീവനക്കാരുടെ സമരം പ്രദേശത്തെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. വൈദ്യുതിയില്‍ ഓടുന്ന 25 ഓളം ട്രെയിന്‍ സര്‍വീസുകള്‍, ഏഴോളം പാസഞ്ചര്‍ ട്രെയിനുകള്‍ എന്നി റദ്ദാക്കിയിട്ടുണ്ട്. മിക്ക ട്രെയിനുകളും സമയം തെറ്റിയാണ് ഓടുന്നത്.

ആന്ധ്രയിലെ വൈദ്യുതി നിലയ ജീവനക്കാരുടെ സമരം സതേണ്‍ഗ്രിഡില്‍ നിന്നുമുള്ള വൈദ്യുതിയെ ഭാഗീകമായി ആശ്രയിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കേരളത്തില്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതിനാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനിശ്ചിതകാല നിരാഹാരസമരം രണ്ട് ദിവസം പിന്നിട്ടു.കഴിഞ്ഞ ആഴ്ചയാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്.