കൊച്ചി: ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ലക്ഷ്യം താനല്ലെന്നും യു.ഡി. എഫ് ആണെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പി.സി ജോര്‍ജ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും തന്നെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയാണ്. ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമാണുളളത്. പി.സി.ജോര്‍ജ് പൊട്ടിയപന്താണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.പി.സി ജോര്‍ജ് ആന്റണിയെ കുറിച്ച് പറയുന്നത് സംശുദ്ധിയോടെയല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു . എ.കെ.ആന്റണിയെ ഇപ്പോഴത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ഉചിതമല്ല. ആഭ്യന്തരവകുപ്പ് നീതിയുടെ വഴിക്കേ പോകൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വിമര്‍ശനം ആഭ്യന്തരവകുപ്പിന്റെ കൂടപ്പിറപ്പാണ്, അത് വ്യക്തിപരമല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിലെ റെയ്ഡ് സ്വാഭാവിക നടപടിയാണ്. മന്ത്രിസഭായോഗത്തില്‍ ആര്യാടനുമായി തര്‍ക്കമുണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടിയാണ് തന്നെ ആഭ്യന്തരമന്ത്രിയാക്കിയതെന്നും കെ. എം.മാണിയുടെ നിലപാട് മുഖവിലയ്‌ക്കെടുക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.