ന്യൂഡല്‍ഹി: ദേശീയ ഐഡന്റഫിക്കേഷന്‍ അതോറിറ്റി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സേവനങ്ങള്‍ക്ക് ആധാര്‍ മാനദണ്ഡമാക്കരുതെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ആധാറിന് നിയമസംരക്ഷണം നല്‍കുക എന്നലക്ഷ്യമിട്ടാണ് ബില്ലിന് അംഗീകാരം നല്‍കിയത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പരിഗണിക്കും. ബില്ല് 2010 ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിന്റെ സാമ്പത്തിക സ്ഥിരം സമിതിയുടെ പരിഗണനക്കയച്ച ബില്ല് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ അധ്യക്ഷനായ സമിതി തള്ളിയിരുന്നു.

ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി തീരുമാനം വരാനിരിക്കെയാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രം ഇന്നും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ഉത്തരവ് ഭേദഗതി ചെയ്തില്ലെങ്കില്‍ രാജ്യത്തെ പാചകവാതക വിതരണം സ്തംഭിക്കുമെന്ന് എണ്ണക്കമ്പനികളും സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.