ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീംകോടതി. കോടതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഇടക്കാല ഉത്തരവ് വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.

പാചകവാതക സബ്‌സിഡി ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികളും ആവശ്യപ്പെട്ടിരുന്നു.അതേസമയം ആധാറിന് നിയമസാധുത നല്‍കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസില്‍ 21 ന് വിശദമായ വാദം കേള്‍ക്കും.

അതേസമയം പാചകവാതക സിലിണ്ടറിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ആധാര്‍ കാര്‍ഡില്ലെങ്കില്‍ വിപണി വിലയ്‌ക്കേ സിലിണ്ടര്‍ നല്‍കാനാവൂവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സബ്‌സിഡി ആവശ്യമില്ലാത്തവര്‍ ആധാര്‍ എടുക്കണമെന്നില്ല. അവര്‍ക്ക് പൊതുവിപണിയില്‍ നിന്ന് മുഴുവന്‍ തുകയും നല്‍കി പാചക വാതക സിലിണ്ടര്‍ വാങ്ങാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.