ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ശ്രീനിവാസന് അധികാരമേറ്റെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഐ.പി.എല്ലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍നിന്നും ശ്രീനിവാസന്‍ വിട്ടുനില്‍ക്കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് അധികാരമേല്‍ക്കാന്‍ കോടതി അനുവദിച്ചത്. വാതുവെപ്പ് അന്വേഷിക്കുന്നതിന് നിയോഗിച്ച മൂന്നംഗസമിതി നാലു മാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുകുള്‍ മുഡ്ഗല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു, അസം ക്രിക്കറ്റ് അസോസിയേഷന്‍ അംഗം നിലയ് ദത്ത എന്നിവരടങ്ങുന്ന സമിതിക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂപം നല്‍കിയിരുന്നു. ഐ.പി.എല്‍ വാതുവെപ്പില്‍ മെയ്യപ്പന്റേയും രാജസ്ഥാന്‍ റോയല്‍സ് ഉടമകളുടേയും പങ്കും ഈ സമിതി അന്വേഷിക്കും.

പ്രസിഡന്റ് സ്ഥാനമേല്‍ക്കാത്തത് ഭരണം തടസ്സപ്പെടുത്തുന്നുണ്ടെന്ന് ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീനിവാസനെ സ്ഥാനമേല്‍ക്കാന്‍ കോടതി അനുവദിച്ചത്.സെപ്തംബര്‍ 29ന് ചെന്നൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക യോഗമാണ് ശ്രീനിവാസനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനെ പ്രതിചേര്‍ത്ത് മുബൈ പോലീസ് കഴിഞ്ഞ ആഴ്ച്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.