സ്റ്റോക്ക്ഹോം: ദ്രവ്യത്തിന് എങ്ങനെ പിണ്ഡം ഉണ്ടാകുന്നു എന്നതു സംബന്ധിച്ച പഠനത്തിലൂടെ പ്രപഞ്ചോല്പത്തിയിലേക്ക് വെളിച്ചം വീശുന്ന നിർണായക കണ്ടുപടിത്തത്തിന് ഈ വർഷത്തെ ഊർജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. മൗലിക കണങ്ങളിലെ പിണ്ഡമുള്ള സൈദ്ധാന്തിക കണങ്ങളായ ഹിഗ്സ് ബോസോൺ (ദൈവകണം)​ കണ്ടുപിടിച്ച ഇംഗ്ളീഷ് ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്സും ബെൽജിയംകാരനായ ഫ്രാങ്കോയിസ് എംഗ്ളർട്ടുമാണ് സമ്മാനം പങ്കു വച്ചത്.

ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങൾക്കും പിണ്ഡം നൽകുന്നതെന്നാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് 1964ൽ ദൈവകണത്തെ കുറിച്ച് സിദ്ധാന്തമവതരിപ്പിച്ചത്. 2012ൽ സ്വിറ്റ്സർലണ്ടിലെ ബേണിൽ ഭൂമിക്കടിയിൽ ലാർജ് ഹാഡ്രൻ കൊളൈഡറിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണത്തിൽ ഹിഗ്സ് ബോസോൺ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുകയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇരുവര്‍ക്കും പുരസ്‌ക്കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മറ്റി അറിയിപ്പില്‍ പറയുന്നു. യൂറോപ്യന്‍ കണികാപരീക്ഷണശാലയിയാ ‘സേണി’ല്‍ നടക്കുന്ന കണികാപരീക്ഷണത്തിലാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. എല്‍ എച്ച് സി യിലെ ‘അറ്റ്‌ലസ്’, ‘സിഎംഎസ്’ പരീക്ഷണങ്ങളാണ് സ്ഥിരീകരണം നടത്തിയത്.