തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജി വച്ച് കൊണ്ടുളള കത്ത് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിളളയ്ക്ക് കൈമാറി. എംഎല്‍എമാരുടെ രാജിക്കത്ത് സ്പീക്കര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. ഈ സാഹചര്യത്തില്‍ ഗണേശ് കുമാറിന്റെ രാജി രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രമായാണ് വിലയിരുത്തുന്നത്. പത്തനാപുരം എംഎല്‍എയാണ് ഗണേഷ് കുമാര്‍. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി.

സ്പീക്കര്‍ക്കല്ല രാജി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് പാര്‍ട്ടി ചെയര്‍മാനാണ് ഇന്ന് രാവിലെ കൈമാറിയത്.വിവാദങ്ങള്‍ അവസാനിച്ച ശേഷവും മന്ത്രിസ്ഥാനം തിരിച്ചുനല്‍കാത്തതും നിലപാടിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്.രണ്ടുതവണ മന്ത്രിപദവി അലങ്കരിച്ച ഗണേഷ്‌കുമാര്‍ രണ്ട് തവണയും രാജിവെക്കേണ്ടിവന്നു. 2001 ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. സ്പീക്കര്‍ക്ക് രാജിക്കത്ത് കൊടുക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്താല്‍ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും.സ്പീക്കര്‍ക്ക് രാജിക്കത്ത് ഇതുവരെ കൈമാറിയിട്ടില്ല. നാളെ ചേരുന്ന പാര്‍ട്ടി യോഗത്തിനു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.അതേസമയം രാജിക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. നാളെ പാര്‍ട്ടി യോഗത്തിനു ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.