കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫയസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിനെ കോഴിക്കോട് സെന്‍ട്രല്‍ കസ്റ്റംസിലേക്ക് സ്ഥലംമാറ്റി. കേസിലെ പ്രതിയായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധവന്‍ നായരുമായി അനില്‍കുമാറിന് ബന്ധമുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.ഹവാല സംഘത്തില്‍നിന്ന് എല്‍ഇഡി ടിവി പാരിതോഷികമായി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതി ഹാരിസിനെ കഴിഞ്ഞ ദിവസം സിബിഐ സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുപോയി തെളിവെടുത്തു. വിമാനത്താവളത്തില്‍ പ്രതികള്‍ക്ക് കസ്റ്റംസ് സഹായം ലഭ്യമായിട്ടുണ്ടോ എന്നത് കണ്ടെത്തുന്നതിനായിരുന്നു തെളിവെടുപ്പ്. സ്വര്‍ണം കടത്തുന്നതിനായി ഫയാസിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സോണി എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനാണ് ഒന്നാംപ്രതി. അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.