തിരുവനന്തപുരം:സംസ്ഥാനത്തെ ‘108’ ആംബുലന്‍സ് സംവിധാനം ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ചീഫ്‌വിപ്പ് പി.സി.ജോർജ് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന് കത്തു നൽകി. നടത്തിപ്പ് നിശ്ചയിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.ഈ മാസം രണ്ടാം തീയ്യതിയാണ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്. കെഎംഎസ്‌സി ആസ്ഥാനത്ത് ടെന്‍ഡര്‍ നടപടികള്‍ തുടരവെയാണ് നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് ആരോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് വിവാദത്തിലായിരുന്നു.

നിലവിലെ ടെന്‍ഡര്‍ നടപടികളില്‍ അപാകതകള്‍ ഉണ്ടെന്നും ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ സികിത്സ ഹെല്‍ത്ത് കെയറിനെ സഹായിക്കാനാണെന്ന ആക്ഷേപവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ടെന്‍ഡര്‍ നടപടികള്‍ തത്കാലത്തേക്ക് മരവിപ്പിക്കാനും നീക്കം നടക്കുന്നു.കരാര്‍ കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും പുതിയ ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് സികിത്സയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം പുതിയ ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.