തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കേസിലെ ഒന്നാം പ്രതിയായ ബിജുരാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു. ഇവരുടെ പേരുകള്‍ ഹൈക്കോടതിയില്‍ അറിയിക്കാന്‍ തയ്യാറാണ്. തിരുവനന്തപുരം മജിസ്‌ട്രേറ്റിന് എഴുതി നല്‍കിയ മൊഴിയിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.താന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണ്. സരിതയെ സംരക്ഷിക്കുന്നവര്‍ തന്നെ ബലിയാടാക്കുകയാണ്. അന്വേഷണ സംഘത്തിലെ ഒരു ഡിവൈഎസ്പി തന്നെ മാനസികരോഗ ആശുപത്രിയില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ബിജു മൊഴിയില്‍ വ്യക്തമാക്കി.

ശാലു മേനോന് കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും മജിസ്ട്രറ്റിന് നല്‍കിയ മൊഴിയില്‍ ബിജു അവകാശപ്പെട്ടു.ഇവര്‍ക്കെതിരെ റാസിഖ് അലി എന്നയാള്‍ നല്‍കിയ പരാതി വ്യാജമാണെന്നും ബിജു എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. മാധ്യമങ്ങളോട് തുറന്നു സംസാരിക്കാന്‍ അനുവദിക്കണമെന്നും ബിജു ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു പേജുള്ള പരാതിയാണ് ബിജു കോടതിയില്‍ എഴുതി നല്‍കിയത്.