ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ പേപ്പര്‍ രസീത് നല്‍കുന്ന സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. 2014 ലെ തിരഞ്ഞെടുപ്പ് മുതല്‍ രസീത് സമ്പ്രദായം നടപ്പിലാക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. രസീത് നല്‍കുന്ന ക്രമീകരണം ഒരുക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം നല്‍കണമെന്നും ഉത്തരവിലുണ്ട്. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനും വോട്ടുകളുടെ എണ്ണത്തില്‍ തര്‍ക്കമുണ്ടായാല്‍ രസീതുകള്‍ എണ്ണി നോക്കി തിട്ടപ്പെടുത്താനും ഈ സംവിധാനം പ്രയോജനപ്പെടും

ഘട്ടം ഘട്ടമായി വോട്ടിന് രസീത് നടപ്പിലാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയില്‍ അറിയിച്ചു. ഇതിന് 1500 കോടിയിലേറെ രൂപ ആവശ്യമായി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോട്ടര്‍ക്ക് താന്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന് കൃത്യമായ സ്ഥിരീകരണ രസീതായിരിക്കും ഇനി മുതല്‍ ലഭിക്കുക. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ച് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് രേഖപ്പെടുത്തിയ പേപ്പര്‍ രസീതുകള്‍ അവിടെ തന്നെ പ്രത്യേകം സജ്ജീകരിച്ച പെട്ടികളില്‍ നിക്ഷേപിക്കണം. നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും നേരത്തേ തത്വത്തില്‍ അംഗീകരിച്ചിരുന്നു. പേപ്പര്‍ രസീതുകള്‍ പ്രത്യേകം സജ്ജീകരിച്ച പെട്ടികളില്‍ നിക്ഷേപിക്കണമെന്നും തര്‍ക്കമുണ്ടായാല്‍ ഇവ എണ്ണി നോക്കണമെന്നതുമാണ് ഹര്‍ജിയിലെ നിര്‍ദ്ദേശം