ന്യൂഡൽ​ഹി: ഭാര്യയെ കൊന്ന കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച യൂത്ത് കോൺഗ്രസ് ഡൽഹി മുൻ പ്രസിഡന്റ് സുശീൽ ശർമ്മയുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. 1995 ജൂലായ് മൂന്നിന് മദ്ധ്യ ഡൽഹിയിലെ ഗോലെ മാർക്കറ്റിലുള്ള വീട്ടിൽ വച്ചാണ് ശർമ്മയുടെ ഭാര്യ നൈന സാഹിനി കൊല്ലപ്പെട്ടത്. ഭാര്യയുടെ ചാരിത്ര്യ ശുദ്ധിയെ സംശയിച്ച് ശർമ്മ അവരെ വെടിവച്ചു കൊന്ന ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. തുടർന്ന് കേസ് തന്തൂർ കൊലക്കേസ് എന്ന പേരിൽ ദേശീയ ശ്രദ്ധനേടി.

മറ്റൊരു സുഹൃത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സുശീല്‍ നൈനയെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി കേരളഹൗസിന് സമീപമുള്ള പ്രമുഖ ഹോട്ടലിലെ തന്തൂരി അടുപ്പില്‍ വേവിച്ചു. പുക കണ്ട് സംശയം തോന്നി സ്ഥലത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന മലയാളി ഉള്‍പ്പടെയുള്ള രണ്ട് പോലീസുകാരാണ് കൊലപാതകം കണ്ടുപിടിച്ചത്. ഓടിരക്ഷപ്പെട്ട സുശീല്‍ ഒരാഴ്ചയ്ക്ക് ശേഷം പോലീസില്‍ കീഴടങ്ങി.2003ല്‍ വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി സുശീലിന് വധശിക്ഷ വിധിച്ചു. 2007ല്‍ ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചു. പിന്നീട് വിധിക്കെതിരെ സുശീല്‍ സുപ്രീംകോടതിയെ സമീപിച്ചു പ്രതിക്ക് മനപരിവര്‍ത്തനത്തിന് സാധ്യതയുണ്ടെന്നും നേരത്തെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് പി സദാശിവം പറഞ്ഞു.