ഹൈദരാബാദ്: തെലുങ്കാന പ്രക്ഷോഭം രൂക്ഷമായത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ഇന്നലെ മുതൽ ആന്ധ്രയിലെ പല താപനിലയങ്ങളും അടച്ചുതുടങ്ങി. രാമഗുണ്ഡം, തൽച്ചാർ എന്നിവയടക്കം നിരവധി താപവൈദ്യുതി നിലയങ്ങളാണ് ആന്ധ്രയിലുള്ളത്. ജീവനക്കാർ പണിമുടക്കുന്നതിനാൽ പല താപവൈദ്യുത നിലയങ്ങളും അടച്ചു. താപ നിലയങ്ങൾ മുഴുവൻ അടഞ്ഞാൽ തമിഴ്നാട്, കർണ്ണാടകം, കേരളം തുടങ്ങി തെക്കേയിന്ത്യയിൽ വൈദ്യുതി എത്തിക്കുന്ന സതേൺ പവർ ഗ്രിഡ് നിശ്ചലമാകും. തെക്കൻ സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി പ്രതിസന്ധി വരും.

കേരളത്തിൽ കാലവർഷം കനിഞ്ഞതിനാൽ ആവശ്യത്തിന് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമുണ്ട്. എങ്കിലും കേന്ദ്രപൂളിൽ നിന്നുള്ള വരവ് നിലയ്ക്കുന്നതോടെ കടുത്തവൈദ്യുതി നിയന്ത്രണം വേണ്ടിവരും. മാത്രമല്ല പലയിടങ്ങളിൽ നിന്നും കറന്റ് കൊണ്ടുവരുന്നത് ആന്ധ്രവഴിയാണ്. സമരം ഇതിനെയും ബാധിക്കും. വൈകുന്നേരങ്ങളിൽ പവർ കട്ട് ഏർപ്പെടുത്തേണ്ടിവന്നാലും അതിശയപ്പെടേണ്ട. സമരാനുകൂലികൾ ദേശീയപാതകൾ സ്തംഭിപ്പിച്ചാണ് സമരം ചെയ്യുന്നത്. ഇത് അരിയടക്കമുള്ള വസ്തുക്കളുടെ വരവിനെ ബാധിക്കും.കേരളത്തിലേയ്ക്കുള്ള അരി കൂടുതലും വരുന്നത് ആന്ധ്രയില്‍ നിന്നാണ്. അരിലഭ്യത കുറഞ്ഞാൽ വില കുത്തനെ ഉയരും. അരിവില ഉടന്നെ ഉയരില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ സമരം അരികടത്തിനെ ബാധിച്ചിട്ടുമില്ല.സമരം തുടരുന്ന സാഹചര്യത്തിൽ വാഹനഗതാഗതം പൂർണ്ണമായും സ്തംഭിക്കാം. അങ്ങനെ വന്നാൽ അരിവില കുത്തനെ ഉയരും. പ്രക്ഷോഭം ട്രെയിൻ ഗതാഗതത്തെയും ബാധിച്ചുതുടങ്ങി. വൈദ്യുതി നിലച്ചാൽ ട്രെയിനുകൾക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും നിലയ്കും. ഡീസൽ എഞ്ചിൻ പിടിപ്പിച്ച് ചില ട്രെയിനുകൾ ഓടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.