ലണ്ടന്‍: കൊതുക് പരത്തുന്ന മലേറിയയെ ചെറുക്കാന്‍ വാക്‌സിന്‍ വരുന്നു. 2015ഓടെ ഈ വാക്‌സിന്‍ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന. ആഫ്രിക്കന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗം ഗണ്യമായി കുറക്കാന്‍ ഈ വാക്‌സിന് കഴിഞ്ഞിട്ടുണ്ട്. ആര്‍.ടി.എസ്, എസ് എന്ന ഈ വാക്‌സിന് അമ്പത് ശതമാനം കുട്ടികള്‍ക്ക് രോഗം കുറയ്ക്കാന്‍ സാധിച്ചു. നവജാത ശിശുക്കളില്‍ രോഗം കാല്‍ ശതമാനത്തോളം കുറയ്ക്കാനും വാക്‌സിന് കഴിഞ്ഞിട്ടുണ്ട്.

ഗ്ലാക്‌സോ സ്മിത്തലൈന്‍ എന്ന ബ്രട്ടീഷ് മരുന്നു കമ്പനിയാണ് ലോകത്ത് ഈ രോഗത്തിനുള്ള ആദ്യ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. വാക്‌സിന്റെ വിപണനത്തിന് അനുമതി ലഭിക്കുന്നതിനായി ഈ റിപ്പോര്‍ട്ട് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയ്ക്ക് നല്‍കാനിരിക്കുകയാണ് ജി.എസ്.കെ. അനുമതി ലഭിക്കുന്നപക്ഷം 2015 മുതല്‍ വാക്‌സിന് പിന്തുണ നല്‍കുമെന്ന് ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. കൊതുക് പരത്തുന്ന മലേറിയ ബാധിച്ച് വര്‍ഷത്തില്‍ ആയിരത്തിലധികം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ കൂടുതലും ആഫ്രിക്കയിലെ നവജാതശിശുക്കളാണ്.