ന്യൂഡല്‍ഹി: ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസായ യൂട്യൂബ് ഇനി ഇന്ത്യന്‍ ടെലിവിഷനിലും. ഡയറക്ട്-ടു-ഹോം (ഡി.ടി.എച്ച്) സര്‍വീസുകള്‍ വഴി ടെലിവിഷനില്‍ യൂട്യൂബ് എത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഡി ടി എച്ച് കേബിള്‍ ദാതാക്കളുമായുണ്ടാക്കുന്ന പങ്കാളിത്തം വഴിയാണ് ഇത് സാധ്യമാവുകയെന്ന്, ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേലയെ ഉദ്ധരിച്ച് ‘ദി എക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഗൂഗിളിന്റെ വരുമാനത്തില്‍ സുപ്രധാന പങ്കുള്ള സര്‍വീസാണ് യൂട്യൂബ്. 2012 ല്‍ 5000 കോടി ഡോളര്‍ (3.1 ലക്ഷം കോടി രൂപ) ആയിരുന്നു യൂട്യൂബില്‍ നിന്നുള്ള വരുമാനം. കമ്പ്യൂട്ടറോ ടെലിവിഷനോ സ്മാര്‍ട്ട്‌ഫോണോ എന്ന വ്യത്യാസമില്ലാതെ ലഭ്യമായ ഏത് സ്‌ക്രീനിലും യൂട്യൂബ് വീഡിയോകള്‍ ആസ്വദിക്കാമെന്നതാണ്, ഡി ടി എച്ച് വഴി യൂട്യൂബ് കിട്ടിത്തുടങ്ങുമ്പോള്‍ സംഭവിക്കുക. പ്രതിമാസം 550 ലക്ഷം പേര്‍ ഇന്ത്യയില്‍ യൂട്യൂബ് സന്ദര്‍ശിക്കുന്നു. 2011 ല്‍ ഇത് 150 ലക്ഷമായിരുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും വര്‍ധിച്ചതാണ് യൂട്യൂബ് ഉപയോഗം കൂടാന്‍ കാരണം. ഡി ടി എച്ച് വഴി ടെലിവിഷനിലേക്ക് യൂട്യൂബ് എത്തിത്തുടങ്ങിയാല്‍ , അത് കാണുന്ന ഇന്ത്യക്കാരുടെ സംഖ്യ ഇനിയും വര്‍ധിക്കും.