ഹൈദരാബാദ് : ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നടക്കുന്ന ഐക്യ ആന്ധ്ര പ്രക്ഷോഭം ദക്ഷിണേന്ത്യയില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് സീമാന്ധ്ര പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടിരിക്കുന്നത്. സീമാന്ധ്രയില്‍ വൈദ്യുതിനിലയങ്ങള്‍ അടച്ചിട്ടത് ജനജീവിതം ദുരിതമയമാക്കി. മുപ്പതിനായിരത്തോളം വൈദ്യുതി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയത് കേരളം അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലെ വൈദ്യുതി ലഭ്യതയെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. സീമാന്ധ്ര പ്രദേശത്തെ വൈദ്യുതി നിലയജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി രണ്ടുവട്ടം ചർച്ച നടത്തി.സതേണ്‍ ഗ്രിഡ് താറുമാറായാല്‍ സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേരളം, തമിഴ്നാട്, കര്‍ണാട മുഖ്യമന്ത്രിമാര്‍ കേന്ദ്ര വൈദ്യുതി അതോറിറ്റിക്ക് കത്തെഴുതി. സതേണ്‍ ഗ്രിഡിന് ഭീഷണിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

അതേസമയം തെലുങ്കാന പ്രക്ഷോഭം സീമാന്ധ്രാ മേഖലയില്‍ തുടരുമ്പോള്‍ കര്‍ണാടകത്തില്‍ നിന്നും ആന്ധ്രയിലേക്കുള്ള ഗതാഗത സംവിധാനവും താറുമാറായിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പലയിടത്തും സമരാനുകൂലികള്‍ വണ്ടികള്‍ തടയുകയാണ്. തെലുങ്കാന രൂപീകരണ നീക്കം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. വഴികള്‍ക്കിരുവശവുമുള്ള മിക്ക കടകളും അടച്ചിരിക്കുകയാണ്. കര്‍ണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും പോകേണ്ട പലരും ഇപ്പോള്‍ യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന ദേശീയ പാതയില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കും. മറ്റ് ചില സ്ഥലങ്ങളില്‍ റോഡില്‍ കൃഷിക്കാര്‍ ചോളവും മുളകമൊക്കെ ഉണക്കാനിട്ടിരിക്കുന്നതും കാണാം. പാതിവഴിക്ക് ഇന്ധനം തീര്‍ന്ന വണ്ടികള്‍ നിര്‍ത്തി എന്തുചെയ്യണമെന്നറിയാതെ കിടക്കുന്നവരുമുണ്ട്.

അവശ്യസേവനങ്ങള്‍ പോലും നിലച്ചതോടെ സീമാന്ധ്ര സ്തംഭിച്ചു. വൈദ്യുതി മുടങ്ങിയത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ശസ്ത്രക്രിയകളും അടിയന്തര ആരോഗ്യസേവനങ്ങളും താറുമാറായി. തിരുപ്പതി, വിജയവാഡ വിമാനത്താവളങ്ങള്‍ കരുതല്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കുടിവെള്ളവിതരണം, ട്രെയിന്‍ ഗതാഗതം, പെട്രോള്‍ ലഭ്യത, തുടങ്ങിയവയും തടസ്സപ്പെട്ടു. ചരക്ക് ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കയാണ്. പാസഞ്ചര്‍ -എക്സ്പ്രസ് ട്രെയിനുകള്‍ 150 ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് ഓടിക്കുന്നത്. സീമാന്ധ്ര മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിട്ടതോടെ നിത്യചെലവിന് പണമില്ലാതെ ഇവരുടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി.