തിരുവനന്തപുരം: കരകുളത്ത് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ ഇന്ന് കുടിവെളള വിതരണം മുടങ്ങും. അരുവിക്കരയില്‍ നിന്നും വെള്ളയമ്പലത്തേക്കുള്ള 1000എംഎം കോണ്‍ക്രീറ്റ് പൈപ്പ് ലൈനാണ് ഇന്നലെ വൈകിട്ട് പൊട്ടിയത്. പ്രധാന പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായതിനാല്‍ നഗരത്തില്‍ മിക്കയിടത്തും വെളളം മുടങ്ങും.അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി രാത്രിയോടെ ജലവിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിക്കുമെന്ന് ജല അതോറിട്ടി അറിയിച്ചു. വഴുതയ്ക്കാട് തമ്പാനൂര്‍!, സ്റ്റാച്യൂ, പേട്ട, ജനറല്‍ ആശുപത്രി, തൈക്കാട്, ചാക്ക എന്നിവിടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ അറ്റകുറ്റപ്പണി ഉച്ചയോടെ പൂര്‍ത്തിയാകും. പൈപ്പ് പൊട്ടിയ ഭാഗത്ത് ചെളി നിറഞ്ഞതിനാല്‍ അറ്റകുറ്റപ്പണിക്ക് കാലതാമസം നേരിട്ടു. കാര്യമായ പൊട്ടലുണ്ടെങ്കില്‍ പൈപ്പ് മാറ്റിയിടാനുളള തയ്യാറെടുപ്പിലാണ് ജലഅതോറിട്ടി അധികൃതര്‍.

15 വര്‍ഷം മുന്‍പ് പണിത പൈപ്പ് ലൈനാണ് കരകുളത്ത് പൊട്ടിയത്. കാലപ്പഴക്കമാണ് പൊട്ടലിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ജൂണില്‍ വഴയിലയില്‍ പൊട്ടിയതും ഇതേ പൈപ്പ് ലൈന്‍ തന്നെയായിരുന്നു. അരുവിക്കരയില്‍ നിന്നും പേരൂര്‍ക്കടയിലേക്കുളള പുതിയ ഇരുമ്പ് പൈപ്പിന്റെ പണി അവസാനഘട്ടത്തിലാണ്.