ലണ്ടന്‍: പൈലറ്റ് സുഖമില്ലാതെ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ബ്രിട്ടനിലെ ഹംബര്‍ സൈഡ് വിമാനത്താവളത്തിലാണ് സംഭവം. കണ്‍ട്രോള്‍ റൂമിലെ വ്യോമ പരിശീലകരുടെ നിര്‍ദേശമനുസരിച്ചാണ് യാത്രക്കാരന്‍ വിജയകരമായി വിമാനം നിലത്തിറക്കിയത്. പൈലറ്റും യാത്രക്കാരനും മാത്രം സഞ്ചരിച്ച ചെറുവിമാനത്തിലാണ് സംഭവം. പൈലറ്റ് സുഖമില്ലാതെ അബോധാവസ്ഥയിലായി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അഗ്നിശമന സേനയും ആംബുലന്‍സും തയ്യാറായി നിന്നിരുന്നു. രണ്ട് വ്യോമപരിശീലകരെയും വിളിച്ചു വരുത്തി ഇവര്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ്, വൈമാനിക പരിചയമില്ലാത്ത യാത്രക്കാരന്‍ വിമാനം നിലത്തിറക്കിയത്.

ഒരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും യാത്രക്കാരന്‍ ധീരമായി ഈ അവസരം നേരിട്ടതായി നിര്‍ദേശം നല്‍കിയ വ്യോമ പരിശീലകരിലൊരാളായ റോയ് മുറേ പറഞ്ഞു. വിമാനത്തിന്റെ ലേ ഔട്ടിനെക്കുറിച്ച് യാത്രക്കാരന് ധാരണയുണ്ടായിരുന്നില്ല. കൈയില്‍ വെളിച്ചവുമുണ്ടായിരുന്നില്ല. ഒന്നും കാണാനാവാത്ത അവസ്ഥയിലായിട്ടും യാത്രക്കാരന്‍ സുരക്ഷിതമായി വിമാനം നിലത്തിറക്കിയതായി മുറേ പറഞ്ഞു.സാന്‍ഡോഫ് വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന് കുറച്ചു കഴിഞ്ഞാണ് പൈലറ്റിന് ബോധക്ഷയമുണ്ടായത്. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിനെ ഇക്കാര്യം വിളിച്ചറിയിച്ച യാത്രക്കാരനെ പരിശീലകര്‍ ധൈര്യം നല്‍കി ഈ ദൌത്യത്തിന് സന്നദ്ധമാക്കുകയായിരുന്നു. മൂന്നു തവണ റണ്‍വേയ്ക്കു ചുറ്റും പറന്ന ശേഷമാണ് യാത്രക്കാരന്‍ വിമാനം നിലത്തിറക്കിയത്.