ന്യൂഡൽഹി: ആഗോള കുത്തക ഭീമൻ വാൾമാർട്ടും ഇന്ത്യയിലെ പങ്കാളി സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസും പങ്കാളിത്ത കരാർ അവസാനിപ്പിച്ചു. ഭാരതി – വാൾമാർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ നടത്തി വന്ന കമ്പനിയിൽ 50 ശതമാനം ഓഹരിയാണ് വാൾമാർട്ടിനുണ്ടായിരുന്നത്. ഈ ഓഹരി വാൾമാർട്ട് തിരിച്ചെടുത്തു. ഇന്ത്യയിൽ കമ്പനിയുടെ ഇരുപതോളം ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ആയിരം കോടി രൂപയുടെ നിക്ഷേപമായിരുന്നു വാൾമാർട്ട് ഭാരതിയുമായി ചേർന്ന് ഇന്ത്യയിൽ നടത്തിയത്.

2010ലാണ് ഇന്ത്യയിൽ ഭാരതിയുടെ ചില്ലറവ്യാപാര മേഖലയായ സെഡാർ സപ്പോർട്ട് സർവീസിൽ വാൾമാർട്ട് ഓഹരികൾ നിക്ഷേപിച്ചത്. ഇന്ത്യയിൽ വിദേശനിക്ഷേപം അനുവദിക്കുന്ന മുറയ്ക്ക് തിരിച്ചെടുക്കാവുന്ന സി.സി.ഡി ആയിട്ടായിരുന്നു 1000 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇത് റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പിന്നീട് സി.ബി.ഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ ചില്ലറ മേഖലയിൽ 51 ശതമാനം വിദേശനിക്ഷേപം കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ അതിന് തയ്യാറായി ഒരു കമ്പനിയും മുന്നോട്ട് വന്നിരുന്നില്ല.