തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിന്റെ ഉറപ്പ് ലഭിച്ചെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന നേതൃയോഗത്തിലാണ് ബാലകൃഷ്ണപിള്ള ഇക്കാര്യം അറിയിച്ചത്. ഗണേഷിന്റെ മന്ത്രിസ്ഥാനം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസ് (ബി) ആണെന്നും പിള്ള പറഞ്ഞു. ഗണേഷിന്റെ മന്ത്രിസ്ഥാനത്തില്‍ തീരുമാനം എടുക്കാന്‍ മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പും പിള്ള നല്‍കി. ഗണേഷിനെ അഞ്ച് മാസം മുമ്പെങ്കിലും മന്ത്രിയാക്കേണ്ടതായിരുന്നു. താന്‍ ഗണേഷിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ അന്ന് രാജി വെക്കില്ലായിരുന്നു. സീറ്റ് നല്‍കി കാലുവാരലാണ് യുഡിഎഫിന്റെ കുല തൊഴിലെന്നും പിള്ള കുറ്റപ്പെടുത്തി. ക്യാബിനറ്റ് പദവിയല്ല, ക്യാബിനറ്റ് മന്ത്രിയാണ് പാര്‍ട്ടിക്ക് വേണ്ടത്.

ഗണേഷിനെ പാര്‍ട്ടി വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തുവെന്നും പിള്ള അറിയിച്ചു.ഗണേഷ്‌കുമാറിന്റെ രാജിനീക്കത്തെ പാര്‍ട്ടി ചെയര്‍മാനായ ബാലകൃഷ്ണപ്പിള്ള കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം.ഗണേശ് രാജിക്കത്ത് നൽകിയിട്ടില്ല. രാജി വയ്ക്കാൻ വാക്കാൽ ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കുടുംബ വഴക്ക് പുതുമയുള്ള കാര്യമല്ല. യാമിനിയുമായുള്ള പ്രശ്നം പരിഹരിച്ചതാണ്. ഗണേശുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചാൽ മന്ത്രിയാക്കാമെന്ന് യു.ഡി.എഫ് ഉറപ്പു നൽകിയിരുന്നു. ഇക്കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതുമാണ്. ആറു മാസം കഴിഞ്ഞിട്ടും അക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെന്നും ബാലകൃഷ്ണ പിള്ള കുറ്റപ്പെടുത്തി.