കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ അറസ്റ്റില്‍. അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സിബിഐ അറിയിച്ചു. കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിനേയും പ്രതിചേര്‍ത്തേക്കും.കഴിഞ്ഞ മാസം അവസാനത്തോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണവേട്ടയുടെ ചുരുളഴിയുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിനെ കോഴിക്കോട് സെന്‍ട്രല്‍ കസ്റ്റംസിലേക്ക് സ്ഥലംമാറ്റിയിരുന്നു. അനില്‍ കുമാറിന് സ്വര്‍ണക്കടത്തില്‍ പിടിയിലായ ഫയസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലായിരുന്നു സ്ഥലംമാറ്റം.സ്വര്‍ണം കടത്തുന്നതിനായി ഫയാസിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കസ്റ്റംസ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കസ്റ്റംസ് തിരയുന്ന അഷ്‌റഫ്, അബ്ദുള്ള എന്നിവര്‍ക്കു വേണ്ടിയാണ് വിമാനത്താവളങ്ങളിലടക്കം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.