ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്.പ്രതി മന്ത്രിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഉന്നതര്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ലോക്കല്‍ പോലീസ് അന്വേഷണം അപര്യാപ്തമാണ്. കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കും ലഭിച്ച പണത്തിന്റെ സോത്രസ്സ് അന്വേഷണത്തില്‍ വന്നില്ലെന്നും ഹര്‍ജിയില്‍ വിഎസ് പറയുന്നു.നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിഎസ്സിന്റെ ഹര്‍ജി തള്ളിയിരുന്നത്. അതേസമയം റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ അത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ജഡ്ജിമാരെ പണം നല്‍കി സ്വാധീനിച്ച് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഇരകളെയും സാക്ഷികളെയും കൂടാതെ നീതിന്യായ വ്യവസ്ഥയെ വരെ സ്വാധീനിച്ചെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍.എന്നാല്‍ പ്രത്യേക അന്വേഷണ സംഘം കേസ് എഴുതിത്തള്ളി. കേസ് അട്ടിമറിക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്.