കൊച്ചി: സോളാർ തട്ടിപ്പു കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പങ്കുണ്ടോയെന്ന് പരാതിക്കാരനായ ശ്രീധരൻ നായർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. എങ്കിൽ മാത്രമെ കേസിൽ അന്വേഷണത്തിന് ഉത്തരവിടാനാവൂ എന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കാതെ അന്വേഷിക്കുന്നതിന് നിര്‍ദേശിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. അതേസമയം ശ്രീധരന്‍ നായരുടെ പരാതിയില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് എജി കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ശ്രീധരൻ നായർ പരാതിയിൽ ഒരിടത്തും വ്യക്തമാക്കുന്നില്ല. മുഖ്യമന്ത്രിക്കു പങ്കുണ്ടോയെന്ന് പറയാൻ കഴിയുന്ന ഏക ആൾ ശ്രീധരൻ നായരാണ്. ശ്രീധരൻ നായർ എങ്ങും തൊടാതെ എന്തെങ്കിലും പറയുന്നത് ശരിയല്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അത് പറയേണ്ട ഘട്ടം ഇതാണെന്നും കോടതി പറഞ്ഞു. സരിത എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന് ശ്രീധരന്‍ നായര്‍ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജൂലൈ ഒമ്പതിന് സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടുവെന്നാണ് ശ്രീധരന്‍ നായര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.എന്നാല്‍ സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് വാദത്തിനിടയില്‍ കോടതി ചോദിക്കുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് സരിതയ്ക്ക് പണം നല്‍കിയതെങ്കില്‍ അക്കാര്യം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.