വാഷിംഗ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ബജറ്റ് വിഷയത്തില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുമായി ക്രിയാത്മക ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന് ഒബാമ. രണ്ടാം ആഴ്ചയിലേക്ക് കടന്ന അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ രാജ്യത്തിന്റെ സാമ്പത്തിക നിലയെ തകിടം മറിക്കുമെന്ന് വന്നതോടെയാണ് ബജറ്റ് പാസാക്കാന്‍ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മേല്‍ സമ്മര്‍ദ്ദതന്ത്രവുമായി പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തിയത്.സാമ്പത്തിക കടമെടുപ്പിനുള്ള പരിധി നിരുപാധികം ഉയര്‍ത്താന്‍ അനുവദിച്ചാല്‍ ആരോഗ്യനിയമം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയെ കുറിച്ച് ആലോചിക്കാമെന്നാണ് ഒബാമയുടെ പക്ഷം.ഈ മാസം 17നുള്ളില്‍ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്കാവും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുക.

അടിയന്തരാവസ്ഥയെ തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് ഭാഗികമായും അവശ്യസേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. പത്ത് ലക്ഷത്തോളം പേരാണ് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ കഴിയുന്നത്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.ഒബാമയ്ക്ക് തന്റെ വിദേശപര്യടനങ്ങളും വെട്ടിച്ചുരുക്കേണ്ടി വന്നു. ഭരണകക്ഷി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് അടിയന്തരാവസ്ഥ നീണ്ടുപോകാന്‍ കാരണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോണ്‍ ബോനന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിര്‍ദ്ദേശവുമായി ഒബാമ രംഗത്തെത്തിയിട്ടുള്ളത്. പിടിവാശിയിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തിനും ഗുണകരമാകില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.ഈ നില തുടര്‍ന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ പതനത്തിന് നിലവിലെ പ്രതിസന്ധി കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് ഒബാമ തയ്യാറായത്