ന്യൂഡല്‍ഹി: കാറിനും ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കുള്ള ലോണിന്റെ പലിശ നിരക്ക് എസ്ബിഐ കുറച്ചു. ഉത്സവകാലത്തെ പ്രോസസിങ് ചാര്‍ജും കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട് .0.20 ശതമാനമാണു പലിശ നിരക്ക് കുറച്ചിരിക്കുന്നത്. അതായത്, നേരത്തെ 10.75 ശതമാനമായിരുന്ന പലിശ നിരക്ക് ഇനി 10.55 ആയിരിക്കും. ലോണ്‍ പ്രോസസിങ് ചാര്‍ജ് 500 രൂപയായും കുറച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കുമുള്ള ലോണിന്റെ പലിശ നിരക്കു കുറയ്ക്കുന്ന രാജ്യത്തെ നാലാമത്തെ ബാങ്കാണ് എസ്ബിഐ.

നേരത്തെ, പഞ്ചാബ് നാഷണനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ഐഡിബിഐ ബാങ്ക് എന്നിവ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. ടെലിവിഷന്‍, എയര്‍കണ്ടീഷനറുകള്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉപഭോക്തൃ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കുറഞ്ഞ നിലക്കില്‍ ലോണ്‍ ലഭിക്കും. കുറഞ്ഞ നിരക്കില്‍ ലോണ്‍ നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളില്‍ പണം നിക്ഷേപിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞയാഴ്ചയുണ്ടായിരുന്നു. ഇതിനു ശേഷമാണു പലിശ നിരക്കുകളില്‍ ബാങ്കുകള്‍ കുറവുവരുത്തിയത്.സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ഉപഭോക്തൃ ഉത്പന്നങ്ങളും ടൂവീലറും വാങ്ങുന്നതിനു പ്രത്യേക ഉത്സവകാല ലോണ്‍ പദ്ധതിയും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.