കൊച്ചി: ഹെല്‍മെറ്റ് പരിശോധനയ്‌ക്കിടെ ബൈക്ക് നിര്‍ത്താതെ കടന്നുകളഞ്ഞാല്‍ ഇനി മുതൽ വന്‍ പിഴയൊടുക്കേണ്ടി വരും. പൊലീസുകാരോ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരോ കൈകാണിച്ചാല്‍ ബൈക്ക് നിര്‍ത്താതെ പോകുന്നവരില്‍നിന്ന് 3300 രൂപ പിഴയീടാക്കാനും, ഇതിനു കഴിഞ്ഞില്ലെങ്കില്‍ രജിസ്ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചാല്‍ പിഴ 1500 രൂപയുമാക്കിയിട്ടുണ്ട്.

മോട്ടോര്‍വാഹന വകുപ്പാണ് ഈ നടപടിക്രമം നിശ്ചയിച്ചത്. വാഹനം നിര്‍ത്താതെ പോയി, നോട്ടീസ് ലഭിച്ച് മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ എത്തുന്നവര്‍ 3300 രൂപ അടയ്ക്കണം. മറുപടി തൃപ്തികരമാണെങ്കില്‍ മാത്രമാണ് ഇത്. ന്യായമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ശിക്ഷ കൂടും. ഒരുമാസം മുതല്‍ മൂന്നുമാസം വരെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടാം. ഇക്കാലത്ത് വാഹനം ഉപയോഗിക്കാനും പറ്റില്ല. കൈകാണിക്കുമ്പോള്‍ ബൈക്ക് നിര്‍ത്തിയാല്‍ ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാരന്‍ അടയ്‌ക്കേണ്ട പിഴ 1500 രൂപയാണ്.