ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ജി എസ് സിംഗ്‌വി പിന്മാറി. വിരമിക്കാന്‍ രണ്ടുമാസം അവശേഷിക്കെ സുപ്രധാന കേസുകളില്‍ വിധി എഴുതാനുള്ളതുകൊണ്ട് കേസില്‍ നിന്ന് പിന്മാറാന്‍ സിംഗ്‌വി ചീഫ് ജസ്റ്റിസിനോട് അനുമതി തേടി. ഡിസംബര്‍ 11-നാണ് സിംഗ്‌വി വിരമിക്കുന്നത്. കേസ് പരിഗണിക്കുന്നതിനായി ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തില്‍ പുതിയ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അംഗമായി തുടരും.2ജി സ്‌പെക്ട്രം കേസില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ ബഞ്ചാണ് ജസ്റ്റിസ് സിംഗ്‌വിയുടേത്. എ രാജ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ഉണ്ടായത് സിംഗ്‌വിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു. മൂന്ന് വര്‍ഷമായി സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് 2ജി കേസ് പരിഗണിക്കുന്നത്.2ജി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

വാദം പൂര്‍ത്തിയാക്കിയ കേസുകളിലെ വിധികള്‍ എഴുതിതീര്‍ക്കാനുണ്ടെന്ന കാര്യം മുന്‍നിര്‍ത്തി സിംഗ്‌വിയുടെ അപേക്ഷ ചീഫ് ജസ്റ്റീസ് അനുവദിച്ചിട്ടുണ്ട്.
2010 മുതല്‍ സിംഗ് വിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്. സെന്റര്‍ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിജിറ്റേഷന്‍ എന്ന സന്നദ്ധസംഘടനയാണ് 2ജി കേസില്‍ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എയര്‍സെല്‍ – മാക്‌സിസ് ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്റെ ഇടപെടലിനെക്കുറിച്ചുള്ള കേസാണ് ഇനി പരിഗണിക്കാനുള്ളത്.