മക്ക: ഹജ്ജിനെത്തുന്ന വിദേശി തീര്‍ത്ഥാടകരെ പുണ്യനഗരത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നത് ശിക്ഷാര്‍ഹമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലല്ലാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാന്‍ അനുവാദമില്ല. വിസ കാലാവധി തീരാത്ത തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണെന്നും സൗദി അധികൃതര്‍ അറിയിച്ചു.നിശ്ചിത പ്രവേശന കവാടങ്ങളിലൂടെയും റോഡുകളിലൂടെയും മാത്രമെ തീര്‍ത്ഥാടകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ സഞ്ചരിക്കാവൂവെന്നും അധികൃതര്‍ നിര്‍ദേശിച്ചു.ഹജ്ജ് തീര്‍ത്ഥാടകരെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണെന്നും സൗദി ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്.

ട്രെയിനുകളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുളളതെന്ന് സൗദി നഗരകാര്യ മന്ത്രാലയം അറിയിച്ചു. മിന, അറഫ, മുസ്തലിഫ സ്റ്റേഷനുകളില്‍ ഹാജിമാര്‍ ട്രെയിനില്‍ കയറുന്നതും ഇറങ്ങുന്നതും നിയന്ത്രിക്കാന്‍ 1600 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.ഇതിനിടെ കഅ്ബയുടെ പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 21 യുണിറ്റ് ബോംബ് സ്‌ക്വാഡ് മക്കയിലെത്തിയിട്ടുണ്ട്. അറഫ, മിന റെയില്‍വേസ്റ്റേഷനുകളില്‍ സ്‌ക്വാഡിന്റെ സേവനം ലഭ്യമാകും. സ്‌ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കാന്‍ ഉളള ഉപകരണങ്ങള്‍ അടങ്ങിയ 30 പ്രത്യേക പരിശോധന യൂണിറ്റും രംഗത്തുണ്ടാകും. 15 യൂണിറ്റുകള്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് നിലയുറപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.