തിരുവനന്തപുരം: അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ആന്ധ്ര- ഒഡീഷ തീരത്ത് വീശുന്ന ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് കരയിലേക്ക് കടക്കുന്നതോടെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാ, ഒഡീഷ മേഖലകളില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗതയില്‍ രൂക്ഷമായ ചുഴലിക്കാറ്റ് വീശും.തീരദേശ മേഖലയിലുള്ള വര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

ശനി മുതല്‍ തിങ്കള്‍ വരെയുള്ള ദിവസങ്ങളിലാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യത. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ലഭിക്കുന്ന മഴ. ചുഴലിക്കാറ്റ് പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ ഈ വര്‍ഷത്തെ കാലവര്‍ഷം അവസാനിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.