ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷനും കടപ്പ എം.പി.യുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച രാത്രി ഒരു മണിയോടെ ജഗന്‍ നിരാഹാരമിരിക്കുന്ന ജൂബിലി ഹില്‍സിലെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ആസ്ഥാനമായ ലോട്ടസ് പോണ്ടിലെത്തിയാണ് പോലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ജഗന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ജഗന്‍ ഇപ്പോള്‍. ചികിത്സ സ്വീകരിക്കാന്‍ ജഗന്‍ വിസമ്മതിച്ചുവെങ്കിലും മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജഗനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കിയതാണെന്നും ജില്ലാ പോലീസ് മേധാവി രമേഷ് അയ്യ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്.