ട്രിപ്പോളി:തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ അജ്ഞാത സായുധ സംഘം വിട്ടയച്ചു. ലിബിയയുടെ വിദേശകാര്യമന്ത്രി മുഹമദ്ദ് അബ്ദലെയിസാണ് ഇക്കാര്യം വെള്ളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്വതന്ത്രനാണെന്നും തന്റെ ഓഫിസീലേക്കുള്ള യാത്രയിലാണ് അദ്ദേഹമെന്നും മറ്റൊരു സര്‍ക്കാര്‍ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദിനെ ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മുന്‍ വിമതപോരാളികളാണ് സിദാനെ തട്ടിക്കൊണ്ടുപോയതെന്ന് സൂചനയുണ്ട്. ലിബിയയിലെ തീവ്രവാദികളെ തുടച്ചുനീക്കാന്‍ പാശ്ചാത്യശക്തികളുടെ സഹായം തേടിയതിന് പിന്നാലെയാണ് ലിബിയന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയത്.

എന്നാല്‍ ആരാണ് തട്ടിക്കൊണ്ട് പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2012 ഒക്ടോബറില്‍ പ്രധാനമന്ത്രി പദവിയിലെത്തിയ അലി സെയ്ദ് ലിബിയയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ നയതന്ത്രജ്ഞനുമാണ്.മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി അധികാരത്തില്‍ നിന്നും പുറത്തായിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ലിബിയയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണം തുടരുകയാണ്.കഴിഞ്ഞ ആഴ്ച്ച ലിബിയയിലെ അല്‍ ഖ്വയ്ദ് നേതാവായ അനസ് അല്‍ ലിബി അമേരിക്കന്‍ സേനയുടെ പിടിയിലായിരുന്നു.