കൊച്ചി: നെടുമ്പാശേരിയില്‍ നാല് കിലോ സ്വര്‍ണം കടത്താന്‍ ഒരു ലക്ഷം രൂപ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് ഫയസിന്റെ മൊഴി. പണമായി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കിയതെന്ന് സിബിഐക്ക് ഫയസ് മൊഴി നല്‍കി.ഒരു കിലോ സ്വര്‍ണം കടത്തുന്നതിന് 25,000 രൂപയാണ് നല്‍കിയിരുന്നത്. കടത്തുന്ന സ്വര്‍ണം എത്രയെന്ന് സംബന്ധിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ഫയസ് മൊഴി നല്‍കി.സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ അറസ്റ്റിലായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം ചോദ്യം ചെയ്തപ്പോഴാണ് ഫയസ് കമ്മീഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ തുക കുറച്ചു നല്‍കാനായി 20 കിലോ സ്വര്‍ണം കടത്തിയപ്പോള്‍ നാല് കിലോയാണ് കടത്തുന്നത് എന്ന് പറഞ്ഞ് കബളിപ്പിച്ചിട്ടുണ്ടെന്നാണ് ഫയസ് മൊഴി നല്‍കിയത്.

കഴിഞ്ഞ മാസം അവസാനത്തോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണക്കടത്തിന്റെ ചുരുളഴിഞ്ഞത്.അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.