ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോളേജ് പ്രിന്‍സിപ്പലിനെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.പ്രിൻസിപ്പൽ ഡോ.എൽ.ആർ.ഡി സുരേഷ് ആണ് വിദ്യാര്‍ത്ഥികളുടെ കൊലക്കത്തിക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.റാഗിംഗുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തതിന് പ്രതികാരമായാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

സസ്‌പെന്‍ഡു ചെയ്തവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡോ. സുരേഷിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഘരാവോ ചെയ്തിരുന്നു. റാഗിംഗ് സംഭവത്തില്‍ കഴിഞ്ഞ ആഴ്ച സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെയാണ് കോളേജില്‍ എത്തിയത്. രാവിലെ 8.30നാണ് സംഭവം നടന്നത്.കുത്തേറ്റ പ്രിന്‍സിപ്പാളിനെ തിരുനെല്‍വേലി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.