sachin-retire-from-cricket

മുംബൈ: ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യയില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷമായിരിക്കും സച്ചിന്‍ കളിക്കളം വിടുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍ ചാമ്പ്യന്മാരായ ഫൈനല്‍ മത്സരത്തിലൂടെ സച്ചിന്‍ ട്വന്റി 20 ക്രിക്കറ്റിനോട് വിടപറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞുകൊണ്ട് ലോകം കണ്ട മഹനായ ക്രിക്കറ്റര്‍ പാഡഴിക്കുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്ന കാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് സച്ചിന്‍ ബി.സി.സി.ഐക്ക് അയച്ച കത്തില്‍ പറയുന്നു.ആരാധകര്‍ക്കും കുടംബത്തിനും സച്ചിന്‍ കത്തില്‍ നന്ദി പറയുന്നുണ്ട്. നവംബര്‍ 14 മുതല്‍ 18 വരെയാണ് സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍ നടക്കുക.

നേരത്തെ തന്നെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറികളും അടിച്ചെടുത്തിട്ടുണ്ട്. ക്രിക്കറ്റില്‍ 50000 റണ്‍സ് നേടിയ ഏക താരവും സച്ചിനാണ്. 198 ടെസ്റ്റ് ക്രിക്കറ്റുകളില്‍ നിന്നായി 15,837 രറണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ 51 സെഞ്ച്വറികളും 67 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 463 ഏകദിന മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളുമടക്കം 18426 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.ക്രിക്കറ്റിന്റെ ന്യൂജനറേഷന്‍ പതിപ്പായ ട്വന്റി 20യിലും മാസ്റ്റര്‍ ബ്ലാറ്റര്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തി. 96 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 2797 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്വറിയും ഉള്‍പ്പെടുന്നുണ്ട്