തിരുവനന്തപുരം: സോളാർ കേസിലെ ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങൾക്ക് മന്ത്രിസഭാ യോഗം രൂപം നൽകി. ആറ് ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടേംസ് ഓഫ് റഫറന്‍സെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ പെടുത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

സോളാറുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തും. 2006 മുതലുള്ള ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏത് രീതിയിൽ വീഴ്ച വന്നു,​ ആരെല്ലാമാണ് ഉത്തരവാദികൾ,​ സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ,​ നഷ്ടം ഉണ്ടെങ്കില്‍ ഒഴിവാക്കാമായിരുന്നോ? ആരോപണങ്ങളില്‍ പെട്ടവർക്കെതിരെ എന്തു നടപടി ഉണ്ടായി. തട്ടിപ്പ് തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ? ഇല്ലെങ്കില്‍ പുതിയ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ? നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകും തുടങ്ങിയ വിഷയങ്ങളെല്ലാം ജുഡീഷ്യൽ അന്വേഷണ പരിധിയില്‍ പെടുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സോളാർ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്,​ ചട്ടം 161 പ്രകാരമുള്ള തന്റെ മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അക്കാര്യമാണ് എ.ജി കോടതിയെ അറിയിച്ചത്. തന്റെ മൊഴി എടുത്തതിൽ അസ്വാഭാവികതയില്ല. കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കേണ്ടി വന്നാൽ പൊലീസ് അത് ചെയ്യും. എന്നുവച്ച് മൊഴി എടുത്തവരെല്ലാം സംശയത്തിന്റെ നിഴലിൽ വരുമോയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.