സ്റ്റോക്ഹോം: പ്രശസ്ത കഥാകൃത്ത് ആലിസ് മൺറോയെ സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനത്തിനായി തിരഞ്ഞെടുത്തു. ആലിസ് (82)​കാനഡക്കാരിയാണ്. സമകാലീന ചെറുകഥകളുടെ പ്രമാണിയെന്നാണ് സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി സെക്രട്ടറി പീറ്റർ ഇംഗ്ലണ്ട് ആലിസിനെ വിശേഷിപ്പിച്ചത്. ക്യാനഡയിലേക്ക് ഇതാദ്യമായി നൊബേല്‍ എത്തിച്ച ആലിസ് ഈ പുരസ്കാരം നേടുന്ന 13-ാമത്തെ വനിതയുമാണ്.
വിദഗ്ധമായി ചിട്ടപ്പെടുത്തിയ ആലിസിന്റെ കഥനശൈലി ആശയവ്യക്തതയും മനശാസ്ത്രപരമായ റിയലിസവുംകൊണ്ട് ശ്രദ്ധേയമാണ്. മുന്‍കാല സാഹിത്യ നൊബേല്‍ ജേതാക്കളില്‍നിന്ന് വ്യത്യസ്തമായി ആലിസിന്റെ ഏറെക്കുറെ എല്ലാ രചനകളും ചെറുകഥകളാണ്.

അവര്‍ എഴുതിയ ഏക നോവലായ “ലിവ്സ്് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍” പോലും പരസ്പരബന്ധമുള്ള ഒരുപറ്റം ചെറുകഥകളായാണ് വിലയിരുത്തപ്പെടുന്നത്. സാധ്യതാപട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും തനിക്ക് നൊബേല്‍ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആലിസ് മണ്‍റോ പ്രതികരിച്ചു. ക്യാനഡയുടെ പരമോന്നത സാഹിത്യപുരസ്കാരമായ ഗവര്‍ണര്‍ ജനറല്‍ പ്രൈസ് മൂന്നുവട്ടം നേടിയ ആലിസ് മറ്റ് നിരവധി ബഹുമതികളും നേടിയിട്ടുണ്ട്. എട്ടുലക്ഷം സ്വീഡിഷ് ക്രോണര്‍(ഏഴരകോടിയോളം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം ഡിസംബര്‍ പത്തിന് സ്റ്റോക്ഹോമില്‍ സമ്മാനിക്കും. ചൈനീസ് നോവലിസ്റ്റ് മോ യാനായിരുന്നു കഴിഞ്ഞവര്‍ഷത്തെ സാഹിത്യ നൊബേല്‍.